District News
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ മുണ്ടേരി ഉൾവനത്തിൽ വാണിയംപുഴ ഭാഗത്താണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ ജനവാസ മേഖലകളിലേക്കും എത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് മതിയായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന്, വനം വകുപ്പ് അധികൃതർ ഉന്നതതല യോഗം ചേർന്നു. കാട്ടാന ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും, കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അധികൃതർ ഉറപ്പുനൽകി.
Kerala
കല്ലടിക്കോട്: മുണ്ടൂർ ഞാറക്കോട് ഭാഗത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ കാട്ടാന കൊന്നതു മൂന്നു പേരെ. സോളിച്ചൻ വർഗീസ്, അലൻ, കുമാരൻ എന്നിവരാണ് ഒരു കിലോമീറ്ററിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുകിൽ ആന്റണി കിടപ്പിലാണ്.
ആദ്യമൊക്കെ വല്ലപ്പോഴും വന്നിരുന്ന ആനകൾ അടുത്തകാലത്തായി സ്ഥിരം എത്തുന്നുണ്ട്. കൂട്ടമായി എത്തുന്ന ആനകൾ കാർഷികവിളകൾ നശിപ്പിക്കുന്നതും പതിവാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. വീടുകൾക്കു സമീപം വനത്തിൽ ഒളിഞ്ഞുനിൽക്കുന്ന ആനകൾ പെട്ടെന്നു പ്രത്യക്ഷപ്പെട്ട് ആളുകളെ ആക്രമിക്കുകയാണ്.
രാവിലെ റബർ വെട്ടാൻ തോട്ടത്തിലേക്കു പോകുമ്പോഴാണ് സോളിച്ചനെ കാട്ടാന കുത്തിക്കൊന്നത്. അമ്മയോടൊപ്പം സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണ് അലൻ വീടിനുസമീപം കൊല്ലപ്പെടുന്നത്.
വീടിനു പുറത്തു ശബ്ദം കേട്ട് പുറത്തിറങ്ങിയ കുമാരനെ കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാനയെ ഇതിനുമുമ്പ് ഈ പ്രദേശത്തു കണ്ടിട്ടില്ലെന്നും മറ്റെവിടെയോനിന്ന് ഇവിടെ എത്തിയതാകാമെന്നും നാട്ടുകാർ പറഞ്ഞു.
ഈ പ്രദേശത്തു കാട്ടാനയുടെ ആക്രമണം ഭയന്ന് വീട്ടുകാർ പുറത്തിറങ്ങാൻ മടിക്കുകയാണ്. കുട്ടികളെ സ്കൂളിൽ വിടാൻപോലും പേടിയാണ്. വൈകുന്നേരമായാൽ കുട്ടികളും മുതിർന്നവരും വീടിനുള്ളിൽ കയറി വാതിൽ അടച്ചിരിക്കുകയാണു പതിവ്. വനത്തോടു ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളും വീടുകളും കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളാണ്.
മഴക്കാലമായതോടെ കാട്ടാനകൾ സ്ഥിരം കൃഷിയിടങ്ങളിൽ എത്താറുണ്ട്. കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾ ചക്കയും മാങ്ങയും വലിച്ചുപറിച്ചു തിന്നുകയും തെങ്ങും കമുകും റബറും കുത്തിമറിച്ച് നശിപ്പിക്കുകയും ചെയ്യുന്നതു പതിവാണ്. ധോണി മുതൽ പുളിയമ്പുള്ളി വരെയുള്ള ഭാഗത്താണ് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത്.
വന്യമൃഗങ്ങൾ കൃഷിയിടത്തിലും നാട്ടിലും ഇറങ്ങി ജീവനും സ്വത്തിനും ഭീഷണിയായിത്തീരുന്നത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. ട്രഞ്ച് നിർമിച്ചും വൈദ്യുതിവേലി അറ്റകുറ്റപ്പണികൾ നടത്തിയും വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നതു തടയണമെന്നും കർഷകർ ആവശ്യപ്പെടുന്നു.